Home | Articles | 

Lijo Peter
Posted On: 16/09/18 11:25

 

ഈ ദിവസങ്ങളിൽ സഭ മക്കളോടുള്ള അമിതമായ സ്നേഹം നിമിത്തമാണോ, അല്ലെങ്കിൽ ധ്യാനഗുരുവിനോടുള്ള അസൂയ നിമിത്തമോ അല്ലെങ്കിൽ ലോകത്തോടുള്ള അമിതമായ ഭ്രമം കൊണ്ടാണോ എന്നറിയില്ല, ഒരു വൈദീകൻ ധ്യാന ഗുരുവിനെ പരിഹസിച്ചുകൊണ്ടു എഴുതിയ ഒരു ലേഖനത്തിന് മറുപടിയായി കണ്ട ഒരു പോസ്റ്റ് താഴെ കൊടുക്കുന്നു. വൈദീകന്റെ പോസ്റ്റും അതിനു ശേഷം വായിക്കാവുന്നതാണ്. ............... ഇത് എഴുതിയത് വെെദികൻ തന്നെയാണോ? ആണെന്കിൽ അദ്ദേഹം ഒന്നല്ല രണ്ട് മറുപടി അർഹിക്കുന്നുണ്ട്. ആദ്യത്തെ മറുപടി ആദ്യത്തെ മാർപ്പാപ്പയായ വിശുദ്ധ പത്രോസ് തന്നെ കൊടുത്തിട്ടുണ്ട്. "അധമവികാരങ്ങൾക്ക് അടിപ്പെട്ട് ജീവിക്കുന്ന നിന്ദകർ നിങ്ങളെ പരിഹസിച്ചുകൊണ്ട് അവസാനനാളുകളിൽ പ്രത്യക്ഷപ്പെടും. അവർ പറയും. അവന്റെ പ്രത്യാഗമനത്തെക്കുറിച്ചുളള വാഗ്ദാനം എവിടെ? എന്തെന്നാൽ പിതാക്കന്മാർ നിദ്ര പ്രാപിച്ച നാൾ മുതൽ സകല കാര്യങ്ങളും സൃഷ്ടിയുടെ ആരംഭത്തിലുണ്ടായിരുന്ന സ്ഥിതിയിൽ തന്നെ തുടരുന്നല്ലോ." അച്ചൻ ബുദ്ധി കൊണ്ടുമാത്രം ജീവിക്കുന്ന ആളായതുകൊണ്ട് ഈ മറുപടി തലയിൽ കയറാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ട് രണ്ടാമത്തെ മറുപടി പറയാം. അച്ചൻ ആദ്യം കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം 673 മുതൽ 677 വരെ ഒന്നു വായിക്കട്ടെ. സഭയുടെ പടനങ്ങളും പ്രബോധനങ്ങളും മനസിലാക്കാത്തതുകൊണ്ട് ആ ധ്യാനഗുരുവിന് തെററുപററി എന്നാണല്ലോ അച്ചന്റെ ലോപോയിന്റ്. അച്ചന് ഏററെടുക്കാവുന്ന ഒരു വെല്ലുവിളി മുന്പോട്ടു വയ്ക്കുന്നു. ആദ്യമേ ഒരു ധ്യാനഗുരു എന്നൊന്നും പറയാതെ അദ്ദേഹത്തിന്റെ പേര് പറയുക. ഞങ്ങൾക്കും ആളെ മനസിലാകണ്ടേ? അടുത്തപടിയായി അദ്ദേഹം അംഗമായ സഭയോ രൂപതയോ ഇത്തരം കാര്യങ്ങൾ പ്ര സംഗിക്കുന്നതിൽ നിന്ന് വിലക്കിയിട്ടുണ്ടോ എന്ന് പരിശോധിക്കുക. കാരണം സഭയുടെ അധികാരികൾ അവരാണല്ലോ. സഭാ പടനങ്ങളെയും പ്രബോധനങ്ങളെയും കുറിച്ച് നാലും മൂന്നും ഏഴുപേർ മാത്രം വായിക്കുന്ന ഒരു പ്രസിദ്ധീകരണത്തിലെ ലേഖകനെക്കാൾ ആധികാരികമായ അറിവ് അവർക്കുണ്ടാകുമല്ലോ. സഭ അനുവദിച്ച ശുശ്രൂഷയാണെന്കിൽ ലേഖനകർത്താവ് പേനയും അടച്ച് വായയും മൂടി ഇരിക്കുകയായിരിക്കും ബുദ്ധിപരമായ നടപടി. അങ്ങനെ സൽബുദ്ധി തോന്നുന്നില്ലെന്കിൽ അടുത്ത പടിയായി ടി ധ്യാനഗുരു യേശുക്രിസ്തുവും ശിഷ്യന്മാരും പ്രവാചകന്മാരും പറഞ്ഞതിന് വിപരീതമായി എന്താണ് പറഞ്ഞിട്ടുളളത് എന്ന് അക്കമിട്ട് പറയുക. കൃത്യമായ മറുപടി വാഗ്ദാനം ചെയ്യുന്നു. വിളക്കിന്റെ നേരെ കീഴിലാണ് കൂടുതൽ ഇരുട്ട് കാണപ്പെടുക എന്നതിന്റെ ഏററവും നല്ല ഉദാഹരണമാണ് കാഞ്ഞിരപ്പളളി രൂപതക്കാരനായ ഈ വെെദികന്റെ ലേഖനം. അച്ചന് യേശു നല്ല വിശ്വാസത്തിന്റെ വരം കൊടുക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. കെ എം ജോർജ്. ............... വൈദീകന്റെ പോസ്റ്റിന്റെ പൂർണ രൂപം താഴെ കൊടുക്കുന്നു. ലോകാവസാനമായി... റെഡിയായിക്കോ... ലോകാവസാനത്തെക്കുറിച്ചുള്ള പ്രവചനങ്ങൾ വിവിധ ക്രൈസ്തവകൂട്ടങ്ങളിൽനിന്ന് നിരവധിയുണ്ടായിട്ടുണ്ട്. ചിലരെങ്കിലും അതിനെയൊക്കെ ഗൌരവമായി സ്വീകരിച്ച് ലോകാവസാനത്തിനുവേണ്ടിയൊരുങ്ങി കാത്തിരിക്കുകയും അവസാനം നിരാശപ്പെടുകയും ചെയ്തിട്ടുമുണ്ട്. മറ്റു ചില കൂട്ടർ കൂട്ട ആത്മഹത്യയിലൂടെ സ്വയം അവസാനിപ്പിച്ചിട്ടുമുണ്ട്. എന്നാൽ കത്തോലിക്കാസഭയിലെ ചില കേന്ദ്രങ്ങളിൽനിന്നും ഇതുപോലുള്ള പ്രവചനങ്ങൾ ഉണ്ടാവുകയും വിശ്വാസികൾ ആകുലരാകുകയും ചെയ്ത സംഭവങ്ങൾ അടുത്ത കാലത്തുണ്ടായി. കേരളത്തിനു പരിചയമില്ലാത്ത പ്രളയവും സഭയിൽത്തന്നെ മെത്രാനെതിരെയുണ്ടായിരിക്കുന്ന പീഡനക്കേസും തുടർന്നുള്ള കന്യാസ്ത്രീകളുടെ സമരവും അതിനെ ഹൈജാക്ക് ചെയ്ത യുക്തിവാദികൾ ഉൾപ്പെടെയുള്ള സഭാവിരോധികളുടെ സംഘടിതമായ സാന്നിദ്ധ്യവുമെല്ലാം ചേർന്ന് എല്ലാ ‘ലക്ഷണങ്ങളും’ കാണിക്കുന്നതുകൊണ്ടായിരിക്കാം പല വിശ്വാസികളും ഈ പ്രവചനങ്ങൾ സത്യമാണെന്നു ധരിച്ചിരിക്കുന്നത്. ഈ പ്രവചനങ്ങൾ സോഷ്യൽമീഡിയായിൽ വന്നപ്പോൾത്തന്നെ അതിനോടു പ്രതികരിക്കാൻ ആലോചിച്ചെങ്കിലും മുമ്പുകാലത്തെപ്പോലെ കുറച്ചു നാളുകൾ ഇതൊരു തമാശയായി നിലനിന്നിട്ട് വിസ്മൃതിയിലായിക്കൊള്ളും എന്നു കരുതി പ്രതികരണം വേണ്ടെന്നു കരുതി. എന്നാൽ കഴിഞ്ഞ ദിവസം കേട്ട ചില കാര്യങ്ങൾ ഇതിനോട് പ്രതികരിക്കേണ്ടത് സത്യവിശ്വാസത്തെയും സഭയെയും സ്നേഹിക്കുന്ന എന്റെ കടമയാണെന്നു എന്നെ ബോദ്ധ്യപ്പെടുത്തുന്നു. ചില വ്യക്തികൾ ഈ പ്രവചനവീഡിയോകളൊക്കെ കണ്ടതിനുശേഷം ഇനി മുമ്പോട്ട് ഒരുങ്ങാനുള്ള സമയം മാത്രമേയുള്ളുവെന്നു ധരിച്ച് തങ്ങളുടെ കടമകൾപോലും ചെയ്യാതെ ‘ഒരുക്കശുശ്രൂഷ’ തുടങ്ങിയിരിക്കുന്നു...ചില സന്ന്യാസഭവനങ്ങളിൽ ഇതുപോലുള്ള പ്രഭാഷണങ്ങൾ പൊതുവായി കേൾക്കുകയും പ്രാർത്ഥിച്ചൊരുങ്ങുകയും ചെയ്തുകൊണ്ടിരിക്കുന്നു...ഇനിയും അറിയപ്പെടാത്തതായി എന്തെല്ലാം ഒരുക്കങ്ങൾ എവിടെയെല്ലാം നടക്കുന്നുണ്ടാകും!? പ്രളയനാളുകളിൽ ഇതുപോലെ കൊടുങ്കാറ്റിനെയും ഭൂമികുലുക്കത്തെയുംകുറിച്ച് ഉടമസ്ഥരില്ലാത്ത കുറേ പ്രവചനങ്ങൾ ഏതോ സാമൂഹ്യദ്രോഹികൾ പ്രചരിപ്പിച്ചിരുന്നു. നിർഭാഗ്യവശാൽ ഈ പശ്ചാത്തലത്തിൽത്തന്നെയാണ് കത്തോലിക്കാ സഭയിലെ ചില ധ്യാനഗുരുക്കന്മാരും മനുഷ്യരെ തെറ്റിധരിപ്പിക്കുന്നവിധത്തിൽ പ്രഭാഷണങ്ങൾ നടത്തിയത്. ഒരു ധ്യാനഗുരുവിന്റെ വെളിപ്പെടുത്തൽ അനുസരിച്ച് കുറേ നാളുകളായിട്ട് ഈശോ അദ്ദേഹത്തോട് പറയുന്നുണ്ടത്രേ സമയമായി എന്ന്. ഇനി കൂടുതലൊന്നും ചെയ്യേണ്ട, പ്രാർത്ഥിച്ചൊരുങ്ങുനുള്ള സമയമേയുള്ളു എന്നാണദ്ദേഹം പറയുന്നത്.. ധ്യാനഗുരുക്കന്മാരുടെ വാക്കുകൾക്ക് ദൈവവചനത്തേക്കാളും സഭയുടെ ഔദ്യോഗിക വചനവ്യാഖ്യാനത്തെക്കാളും പ്രാധാന്യംകൊടുക്കുന്ന വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഇതുപോലുള്ള പ്രഖ്യാപനങ്ങൾ പേടിസ്വപ്നങ്ങളാണ്. ധ്യാനഗുരുവിന്റെ വാക്കുകൾ ദൈവവചനത്തോടും സഭയുടെ ഔദോഗിക വചനവ്യാഖ്യാനത്തോടും ചേർന്നു നില്ക്കണമെന്നുള്ള അടിസ്ഥാനതത്വം മാറ്റിവച്ച് വചനത്തെ തന്റെ ചിന്തയ്ക്കു ചേർന്ന വിധത്തിൽ അവതരിപ്പിക്കുന്ന ദുരന്തമാണ് ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നത്. പിതാവിനുമാത്രമേ അറിയൂ എന്നു പുത്രൻതമ്പുരാൻ പറഞ്ഞിരിക്കുന്ന അന്ത്യദിനം അടുത്തെത്തിയിരിക്കുന്നു എന്നു പ്രഖ്യാപിക്കാൻ സഭ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. ആദ്യനൂറ്റാണ്ടിൽ എഴുതപ്പെട്ട വചനത്തിൽത്തന്നെയുണ്ട് കർത്താവ് ഉടൻ വരുമെന്ന്. വെളിപാട് പുസ്തകം അവസാനിക്കുന്നത് കർത്താവേ വരണമേയെന്ന പ്രാർത്ഥനയോടെയാണ്. പക്ഷെ ആ വചനത്തെ മനസിലാക്കേണ്ടതെങ്ങനെയെന്ന് എഴുതപ്പെട്ട വചനത്തിന്റെ ഉടമസ്ഥയായ സഭ നമുക്കു പറഞ്ഞുതരുന്നുണ്ട്. സഭയുടെ വചനവ്യാഖ്യാനത്തെ അല്പംപോലും ഗൌനിക്കാതെ ചില ക്രൈസ്തവനാമം വഹിക്കുന്ന ഗ്രൂപ്പുകളെപ്പോലെ വാച്യാർത്ഥത്തിൽ അവയെ സ്വീകരിക്കുന്നത് തികച്ചും വചനവിരുദ്ധമായ ശൈലിയാണ്. പക്ഷെ അതിനേക്കാൾ ഗൌരവമായ അവസ്ഥയാണിപ്പോൾ ഇവിടെയുള്ളത്. ദൈവം നേരിട്ട് അന്ത്യകാലത്തെക്കുറിച്ചു തനിക്കു സൂചനതന്നുവെന്നാണ് ചിലർ അവകാശപ്പെടുന്നത്. കുറേ നാളുകൾ വചനപ്രഘോഷണമേഖലയിൽ മാത്രമായിരിക്കുകയും പറയുന്ന വചനങ്ങൾ ഇടിമുഴക്കംപോലെ കേൾവിക്കാരുടെ കർണപുടങ്ങളെ തകർക്കാൻതക്കവിധം സാങ്കേതിക സംവിധാനങ്ങൾ ഉണ്ടാവുകയും കുറേയധികം അനുയായികൾ രൂപപ്പെടുകയും ചെയ്യുമ്പോൾ സ്വാഭാവികമായും ആരും ചിന്തിച്ചുപോകും തന്റെ നാവിൽനിന്ന് വീഴുന്നത് മുഴുവൻ ദൈവവചനമാണെന്ന്. അങ്ങനെയുള്ള അബദ്ധചിന്തയിൽപെട്ട് അബദ്ധപ്രബോധനങ്ങൾ നടത്താതിരിക്കുമ്പോഴാണ് വചനപ്രഘോഷകർ അവരുടെ യഥാർത്ഥ ദൌത്യം നിർവഹിക്കുന്നവരാകുന്നത്. അതിനു കഴിയണമെങ്കിൽ തന്റെ ഉള്ളിലുണ്ടാകുന്ന ചിന്തകളെമാത്രം ആശ്രയിച്ച് പ്രഘോഷണം നടത്താതെ സഭയുടെ പഠനങ്ങളും പ്രബോധനങ്ങളും നിരന്തരം മനസിലാക്കിക്കൊണ്ടിരിക്കണം. ആ പഠനങ്ങളും പ്രബോധനങ്ങളും ഉപയോഗിച്ച് തന്റെ ചിന്തകളെ കഴുകിക്കൊണ്ടിരിക്കണം. അങ്ങിനെയൊരു പഠനവും അതിനോടുള്ള വിധേയത്വവും ധ്യാനഗുരക്കന്മാർക്ക് നഷ്ടപ്പെടുമ്പോൾ അവർ വിശ്വാസഗണത്തിന് ഒരു ദുരന്തമായിത്തീരും. ആ ദുരന്തത്തിന്റെ ബാക്കി പത്രമാണ് ഇപ്പോൾ ലോകാവസാനത്തിനുവേണ്ടി ഒരുങ്ങിക്കൊണ്ടിരിക്കുന്ന വിശ്വാസികൾ... ലോകാവസാനത്തിന്റെ ലക്ഷണങ്ങളായി അവതരിപ്പിക്കപ്പെടുന്ന, പ്രകൃതിയിലും സഭയിലും ഉണ്ടായിക്കൊണ്ടിരിക്കുന്ന സംഭവങ്ങൾ ഇതിനുമുമ്പും ഇതിലും ഗുരുതരമായി ഉണ്ടായിട്ടുള്ളവയാണെന്ന് ചരിത്രം പഠിക്കുന്നവർക്കു മനസിലാകും. മുകളിൽ സൂചിപ്പിച്ച ധ്യാനഗുരുവിന്റെ ഒരു പ്രഭാഷണം മുഴുവൻ ഞാൻ ശ്രവിച്ചു. ലോകാവസാനമായെന്നുള്ള സൂചനകൾ നല്‍കിക്കൊണ്ട് മുന്നേറിയ പ്രഭാഷണത്തിന്റെ അവസാനം പക്ഷെ അദ്ദേഹം കൂട്ടിച്ചേർത്തു, ഞാൻ ഇങ്ങനെയൊക്കെ പറഞ്ഞതിന് ലോകാവസാനം ഉടൻ ഉണ്ടാകുമെന്ന് അർത്ഥമില്ലായെന്ന്. പിന്നെന്തിനാണ് അദ്ദേഹം വിശ്വാസികളിൽ ആശയക്കുഴപ്പമുണ്ടാക്കുന്ന രീതിയിൽ സംസാരിക്കുന്നത്. ഇതുപോലുള്ള ജനപിന്തുണയുള്ള 'പ്രവാചകന്‍മാർ' നിയന്ത്രിക്കപ്പെട്ടില്ലെങ്കിൽ സഭയുടെ വിശ്വാസജീവിതത്തിനു ദുരന്തം സംഭവിക്കുമെന്നൊരു പ്രവചനം നടത്താൻ എനിക്കുതോന്നുന്നു. പക്ഷെ അനുയായികളില്ലാത്തതുകൊണ്ട് ആരു കേൾക്കാൻ...മെത്രാന്റെ പീഡനക്കേസും കന്യാസ്ത്രീകളുടെ സമരവുമൊക്കെ വലിയ ഉതപ്പുകളായി സഭയെ കളങ്കപ്പെടുത്തുമെങ്കിലും അതിലും വലിയ ദുരന്തമാണ് അബദ്ധവിശ്വാസങ്ങളിലേയ്ക്കു വീണുപോകുന്നവർവഴി സഭയ്ക്കുണ്ടാകുന്നത്. സഭയുടെ സത്യവിശ്വാസം സംരക്ഷിക്കേണ്ടവരും സത്യപ്രബോധനത്തിന്റെ കാവൽക്കാരാവുകയും ചെയ്യേണ്ടവരുടെ സമക്ഷത്താണ് ഇതുപോലുള്ള ഉചിതമല്ലാത്ത പ്രഘോഷണങ്ങൾ നടക്കുന്നതെന്നത് വലിയ കുറവുതന്നെയാണ്. ധ്യാനഗുരു പറയുന്ന ഓരോ വാചകത്തിനും ശേഷം അവിടെയിരിക്കുന്ന മെത്രാന്റെ മുഖത്തുനോക്കി പ്രെയ്സ് ദ ലോർഡ് പറഞ്ഞ് മെത്രാന്റെ അംഗീകാരമുദ്ര ചാർത്തുന്ന ശൈലി വിശ്വാസികളിൽ വലിയ ആശയക്കുഴപ്പമുണ്ടാക്കും. സത്യപ്രബോധനത്തിന്റെയും വിശ്വാസത്തിന്‍റെയും സംരക്ഷകരാകേണ്ടവരും അനുചിതമായ പ്രബോധനങ്ങൾ നല്കുന്നവരെ തിരുത്തേണ്ടവരുമായ ഉത്തരവാദിത്വപ്പെട്ടവർ ഇതുപോലുള്ളവരുടെ ആരാധകരായി മാറുന്നു എന്നതാണ് അപകടകരമായ ഒരു യാഥാർത്ഥ്യം. ലോകത്തിന്റെ അന്ത്യത്തെക്കുറിച്ചുള്ള സഭയുടെ പ്രബോധനമെന്തെന്നു മനസിലാക്കാൻ വലിയ ദൈവശാസ്ത്രഗ്രന്ഥങ്ങളൊന്നും അന്വേഷിക്കേണ്ട ആവശ്യമില്ല. സഭയുടെ വി. കുർബാനയിലും യാമപ്രാർത്ഥനകളിലും ഹൃദയംചേർത്തുവച്ച് പങ്കെടുത്താൽ മതി. പ്രത്യേകിച്ചും സീറോ മലബാർ സഭയുടെ ആരാധനക്രമത്തിൽ ഇപ്പോൾ ധ്യാനിക്കുന്ന ഏലിയാ-സ്ലീവാ-മൂശക്കാലത്തിലെ പ്രാർത്ഥനകളിലൂടെ ഒന്നു കടന്നുപോയാൽ ലോകത്തിന്റെ അന്ത്യത്തെക്കുറിച്ചും മരണത്തെക്കുറിച്ചും വിധിയെക്കുറിച്ചുമൊക്കെയുള്ള സഭയുടെ പഠനങ്ങൾ നമുക്കു തെളിഞ്ഞുകിട്ടും. വിശ്വാസികളെ സംബന്ധിച്ചിടത്തോളും ഭയപ്പാടോടെയല്ല, തികഞ്ഞ പ്രതീക്ഷയോടെ കാത്തിരിക്കേണ്ട സുനിശ്ചിതമായ ഒരു യാഥാർത്ഥ്യമാണത്. അത് എപ്പോഴാണെന്നതല്ല, അതിനെ അഭിമുഖീകരിക്കാൻ എത്രമാത്രം ഒരുക്കത്തോടെയാണ് നാം ജീവിക്കുന്നത് എന്നതാണ് പ്രധാനപ്പെട്ടത്. ആദ്യനൂറ്റാണ്ടുമുതൽ സഭ ചെയ്തുകൊണ്ടിരിക്കുന്നതും ഈ ഒരുക്കംതന്നെയാണ്. ചുരുക്കത്തിൽ മുകളിൽ സൂചിപ്പിച്ചതുപോലുള്ള അനുചിതമായ പ്രഘോഷണങ്ങൾ ഉണ്ടാകുന്നതിന്റെ ഒരു അടിസ്ഥാനകാരണം പ്രഘോഷണത്തിനുപയോഗിക്കുന്ന വചനത്തെ അതിന്റെ ആഘോഷമായ വി. കുർബാനയോടും മറ്റു കൂദാശകളോടും ചേർത്തുവയ്ക്കാത്തതാണ്. പലപ്പോഴും ഇതുപോലുള്ള വചനപ്രഘോഷണവേദികളിൽ വി. കുർബാനയർപ്പണം വിശ്വാസസത്യങ്ങൾ ആഘോഷിക്കാനും അതു ബോദ്ധ്യങ്ങളായി ഹൃദയത്തിൽ ഉറപ്പിക്കാനുമുള്ള വേദികളാകുന്നില്ല എന്നതാണ് സത്യം. ധ്യാനകേന്ദ്രങ്ങളിൽ അർപ്പണത്തിന്റെ എല്ലാ നിയമങ്ങളെയും മറികടന്ന് നടക്കുന്ന വി. കുർബാനയർപ്പണങ്ങളും കുർബാനയോടും കൂദാശകളോടും ബന്ധപ്പെടാത്ത വചനവ്യാഖ്യാനങ്ങളും ഉണ്ടാകുമ്പോൾ വിശ്വാസംതെറ്റുകൂടാതെ കൈമാറ്റം ചെയ്യുന്നതിൽ കുറവു സംഭവിക്കുകതന്നെ ചെയ്യും. സഭാത്മകമായ വചനവ്യാഖ്യാനം പ്രഘോഷകരുടെ കടമയാണ്. കാരണം വചനം ആരുടെയും സ്വകാര്യസ്വത്തല്ല. അതു സഭയുടേതാണ്, സഭയ്ക്കുവേണ്ടി എഴുതപ്പെട്ടതാണ്. അതിനാൽ സഭയാണ് അതിനെ വ്യാഖ്യാനിക്കേണ്ടത്. അതുകൊണ്ടുതന്നെ സഭയോടു ചേർന്നുനിന്ന് വചനത്തിന്റെ ആഘോഷമായ വി.കുർബാനയർപ്പിക്കുകയും അതിന്റെ ചൈതന്യത്തിൽ വി.ഗ്രന്ഥത്തെ വ്യാഖ്യാനിക്കുകയും ചെയ്യുന്നവരായി വചനപ്രഘോഷകർ രൂപാന്തരപ്പെടേണ്ടിയിരിക്കുന്നു. ഫാ. സെബാസ്റ്റ്യൻ മുതുപ്ലാക്കൽ



Article URL:







Quick Links

ദൈവാത്മാവിനെ തിരിച്ചറിയുക...

യേശു ക്രിസ്തുവിന്റെ ശിശ്രൂഷകൾ എന്ന പേരിൽ ലോകത്തിന്റെ വിശേഷം പഠിപ്പിക്കുന്ന കാലഘട്ടത്തിന്റെ മക്കളെ നാം തിരിച്ചറിയണം. എല്ലാത്തിലും നന്മ കാണുന്ന വഴികൾ, നല്ല കുടുംബ ജീവിതത്തിനുള്ള മാർഗങ്ങൾ എന്നിവയൊക്... Continue reading




കേരള സഭയിലെ അംഗങ്ങൾ വിശ്വാസ ത്യാഗത്തിന്റെ പാതയിൽ? ഈ അടുത്ത കാലത്ത് കേരള സഭയിൽ ഉണ്ടായ പല പ്രശ്നങ്ങളും വിശ്വാസികളുടെ തീഷ്ണത കുറയാൻ കാരണമായി എന്നു നമുക്കറിയാം. പക്ഷെ അതെല്ലാം തന്നെ ഭൗതീകതയുമായി ബന്ധപ... Continue reading




ഐതിഹാസികമായ വിജയത്തിനു ശേഷം സി. അനുപമ സ്വന്തം പിതാവിനൊപ്പം.... ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടുന്ന ചിത്രം ആ പിതാവും ആ മകളും സ്വീകരിച്ച ശക്തമായ നിലപാടാണ് ഈ കേസ്. മഠത്തിന്റെ മതിൽക്കെട്ടിനുള്ളിലെ ഇരുട... Continue reading


കേരളത്തിലെ കരിസ്മാറ്റിക് ശുശ്രൂഷകന്മാരുടെ ശ്രദ്ധയ്ക്ക്...

ലോകത്തുള്ള മലയാളി കത്തോലിക്കാ വിശ്വാസികളെ രണ്ടു തട്ടിലാക്കി തമ്മിൽ തല്ലി ക്കാൻ ബിഷപ്പ്‍ കേസിനായി എന്നുള്ള യാഥാർഥ്യം എല്ലാവരും അംഗീകരിക്കണം. ഇത് അത്ര നിസ്സാരമായ കാര്യമായിരുന്നില്ല എന്ന് മനസ്സിലാക്കു... Continue reading


കത്തോലിക്കാ സഭ തകരില്ല...

യേശു ക്രിസ്തുവിന്റെ കുരിശുമരണത്തിനു ശേഷം യോഹന്നാനേയും ഓടിഒളിച്ച മറ്റു അപ്പസ്തോലൻ മാരെയും ഒരുമിച്ചു കൂട്ടി പരിശുദ്ധ അമ്മയുടെ നേതൃതത്തിലുണ്ടായ ആ കൂട്ടായ്‌മയിൽ ആണ് ആദിമ സഭയുടെ ആരംഭം എന്നു പറയാം. പിന്നീട... Continue reading